പെരുമ്പാവൂർ: കോടികളുടെ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായ കേസിൽ സംഘത്തിലെ ഒരാൾ കൂടി പെരുമ്പാവൂർ പോലീസിന്റെ പിടിയിലായി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് നാല് ആഡംബര വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാലക്കാട് മഞ്ഞള്ളൂർ കോട്ടപ്പള്ളം പുത്തനാണിത്തറ വീട്ടിൽ അനീഷി( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ് ഇയാൾ. നിരവധി പ്രാവശ്യം മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
എയർപോർട്ടിൽ നിന്ന് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.രണ്ടെണ്ണം കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രധാന പ്രതി അബൂ താഹിറിന്റെയും രണ്ടു വാഹനങ്ങൾ കഴിഞ്ഞ ദിവസം പിടിയിലായ ഹരികൃഷ്ണൻ ഉപയോഗിക്കുന്നതുമാണ്. വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഹനങ്ങൾ കണ്ടെത്തിയത്. ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന പ്രതിയായ അബു താഹിർ (39), ഹരികൃഷ്ണൻ (25), പ്രസ്ജിത്ത്(40), ശ്രീജേഷ്(41), പി. സഞ്ജയ്(22) എന്നിവരെയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 18 കോടിയോളം വിലവരുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവർ പിടിയിലായതോടെയാണ് തുടരന്വേഷണത്തിൽ മറ്റു പ്രതികൾ പിടിയിലായത്.